ദേശീയ പതാകയുടെ
പ്രതീകാത്മകത
ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്വാതന്ത്യത്തിനു
മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ
പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും,
പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളെയേയും
ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐർലാൻറിൻറെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട്
പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നില
കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു.1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത
മറ്റൊരു പതാക ഔദ്യോഗികപതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ
പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ
ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ
രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര
ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം
മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്.
മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട്
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ
പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ
കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.
“
|
കുങ്കുമം-
ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക
സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ
പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും സൂചിപ്പിക്കുന്നു.
വെള്ള-
നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ
സൂചിപ്പിക്കുന്നു.
പച്ച-
നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള
ബന്ധത്തേയും സൂചിപ്പിക്കുന്നു.
അശോകചക്രം-
ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും
മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ
ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം.
ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.
|
”
|
No comments:
Post a Comment