ഇന്ത്യൻ പതാകയുടെ
ചരിത്രം
ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വാതന്ത്ര്യ
സമര പ്രസ്ഥാനം കരുത്താർജ്ജിച്ചപ്പോൾ. ഇരുപതാം
നൂറ്റാണ്ടിൻറെ തുടക്കത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യം എന്ന
ആവേശത്തിന് ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായിതീർന്നു. പലഭാഷയും,
സംസ്ക്കാരവും, മതവും, വികാരങ്ങളുമായി കഴിഞ്ഞിരുന്ന ഭാരതിയരെ ഒന്നിപ്പിക്കാൻ
വേണ്ടിയായിരുന്നിത്. 1904-ൽ സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു
ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചത്. ഈ പതാക പിന്നീട് സിസ്റ്റർ
നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും ആലേഖനം
ചെയ്തിട്ടുള്ള ചുവപ്പ് സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു
വന്ദനം എന്നർത്ഥം വരുന്ന 'വന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര
പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നത്.
ബംഗാൾ വിഭജനത്തിനെതിരെ, 1906 ആഗസ്ത് 7-ന് കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന
പ്രതിഷേധപ്രകടനത്തിൽസചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക
നിവർത്തിയത്. ആ പതാകയാണ് കൽക്കട്ട പതാക എന്നറിയപ്പെടുന്നത്. മുകളിൽ നിന്നു
താഴേയ്ക്കു യഥാക്രമം ഓറഞ്ച്,
മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു
തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അത്. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ
സൂര്യൻറെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും
മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ
സ്റ്ററ്റ്ഗർട്ടിൽ ഉയർത്തി. മേൽഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ
ഹൈന്ദവതയെയും, ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ
ചുവപ്പും നിറങ്ങളായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്യുന്ന
എട്ടു താമരകൾ പച്ചപ്പട്ടയിൽ വരിയായി ആലേഖനം ചെയ്യുന്നു. പതാകയുടെ
മദ്ധ്യഭാഗത്ത് 'വന്ദേ മാതരം'
എന്ന് ദേവനാഗരി ലിപിയിൽ
രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള
ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും
ആലേഖനം ചെയ്തിട്ടുണ്ട്.
ഭികാജി കാമ, സവർക്കർ, ശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന
ചെയ്തതാണീ പതാക. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ബർലിൻ സമിതിയിലെ
ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽ ബർലിൻ കമ്മിറ്റി
പതാക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്നാംലോകമഹായുദ്ധക്കാലത്തു
മെസപ്പൊട്ടാമിയയിലും സജീവമായി ഈ പതാക ഉപയോഗിച്ചുപോന്നത്.
ബാലഗംഗാധരതിലകും, ആനിബസൻറും ചേർന്ന് 1917-ൽ രൂപം നല്കിയ സ്വയംഭരണ
പ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചത് ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച്
തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി
യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച
നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി
കരുതുന്ന സപ്തർഷി താരസമൂഹത്തിൻറെ മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ
മുകൾഭാഗത്ത് വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ
ജാക്കിൻറെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ
ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയത്.
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള
പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം
തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനി, എസ്.പി ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും
അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ,
മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും ചെയ്തു. ചർക്ക കൂടി പതാകയിൽ
ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ
സാമ്പത്തികനവോത്ഥാനത്തിൻറെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ
യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി
ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു.
എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം
ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്.
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ട് മറ്റൊരു പതാകയും രൂപകല്പന
ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് മുകളിൽ വെള്ള. ഇസ്ലാമിനെ പ്രതിനിധീകരിച്ച് നടുവിൽ പച്ചയും. ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പ് എന്നിങ്ങനെയായിരുന്നു
പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിൻറെ
പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളത്.
അഹമ്മദാബാദിൽ നടന്ന കോണ്ഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ
പതാക ഉപയോഗിച്ചത്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിൻറെ ഔദ്യോഗിക പതാകയായി
സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി
ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും
തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ
ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിൻറെ ആയുധമായ ഗദയും ഉൾപ്പെടുത്തണമെന്ന
ആവശ്യം ഉയർന്നു. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ
ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന
ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്, പ്രശ്നപരിഹാരത്തിനായി
1931 ഏപ്രിൽ 2-ന് കോണ്ഗ്രസ് പ്രവർത്തക സമിതി ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ
നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു"
രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ
ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള
ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത,
ഒരു പതാകയായിരുന്നു പതാക സമിതി
നിർദ്ദേശിച്ചത്. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ
ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ
കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത
ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചത്. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി
മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി
അംഗീകരിച്ചു.
കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച
വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി.
ചർക്ക ഭാരതത്തിൻറെ സാമ്പത്തിക നവോത്ഥാനത്തിൻറെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും
പ്രതീകമായി കരുതി.
അതേ സമയം ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) ഈ പതാകയിൽ ചില്ലറ
മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു
ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നത്. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു
വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിൻറെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്.
ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഐ.എൻ.എയുടെ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ട്.
മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു
കുറച്ചു നാൾ മുന്പു, സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു
നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ
കലാം ആസാദ്, കെ.എം പണിക്കർ, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം മുൻഷി,
ബി.ആർ അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു.
1947 ജൂൺ 23-ന് രൂപവത്കരിച്ച പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും. 1947 ജൂലൈ
14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ
കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ
വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി
സ്വീകരിക്കാമെന്നും തീരുമാനിച്ചു. യാതൊരു സാമുദായികബിംബങ്ങളും പതാകയിൽ
അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട്
ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര
ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.
No comments:
Post a Comment